Saturday 23 March 2013

കവിത/ മൗനം ; ഒരു വാദ പ്രതിവാദം

മൗനം ; ഒരു വാദ പ്രതിവാദം 

"മൗനം  ഭീരുത്വമല്ല 
അധികാര ഗർവിന്  നിഷ്ക്രിയത്വം 
പതിച്ചു നല്കുന്ന അനുമതിയുമല്ല.
കേട്ടിട്ടില്ലേ മൗനം  വിദ്വാന്  ഭൂഷണമെന്ന് 
ആസക്തികളുടെ ചുടലയിൽ നിന്ന് 
വാരിക്കൂട്ടിയ  കനലുകളാണതിൽ 
പാടിപ്പതിഞ്ഞ വീര ഗാഥകളുടെ
ഈണവും താളവും, 
എഴുതിത്തഴഞ്ഞ തൂലികത്തുമ്പിന്റെ 
തിളക്കമുടയ മൂർചയുമുണ്ട് .
പക്ഷെ ഊതിപ്പടർത്തി വിടാൻ 
കെൽപ്പുള്ള കോപ്പ് തിരയുകയാണ് "

എന്തൊക്കെ പറഞ്ഞാലും 
മാഷെ, അത് ഭീരുത്വമാണ് .
കൂട്ടത്തിലൊരുത്തനെ  വെട്ടി വീഴ്ത്തിയപ്പോഴും 
അമ്മയെത്തന്നെ വ്യഭിചരിക്കുന്നെന്നാലും 
സൂക്ഷിക്കുന്ന ഈ അടക്കമുണ്ടല്ലോ 
പേടിച്ച്  പേനത്തുമ്പിൽ അടപ്പിടുന്ന 
നിങ്ങളുടെ സാംസ്‌കാരിക സംയമനം
അതാണ്  മാഷെ മരണം. 
അതുകൊണ്ടാണ്  നെറികേടിന്റെ കൊടിപിടുത്തം 
ഞങ്ങളുടെ റേഷൻ  സഞ്ചികൾ വരെ തുളച്ചത് 
നിങ്ങൾ തിരയുന്ന കോപ്പ്  ഇവിടെയുണ്ട് 
മരിച്ചാലും മൗനിയാകാത്ത ഒരു മനസ്സ്‌ 

8 comments:

  1. ഇഷ്ടമായി. രണ്ടാം പകുതി പ്രത്യേകിച്ച്.

    ശുഭാശംസകൾ....

    ReplyDelete
  2. നന്നായി നല്ല വരികള്‍ ..ആശംസകള്‍

    ReplyDelete
  3. മൌനം മന്ദന് ഭൂഷണമെന്ന് പണ്ട് സുകുമാര് അഴിക്കേടു പറഞ്ഞിട്ടുണ്ട്

    ReplyDelete