Friday, 22 February 2013

വിശപ്പ്....?



        വിശപ്പ്....?


പത്തായപ്പുരയില്‍
വെറുതെ ചിരട്ടകള്‍
നിറച്ചിരിക്കുന്നു.

വീപ്പകളിലൊക്കെയും 
 വെള്ളെലിക്കുഞ്ഞുങ്ങളും 
 പൊടിപിടിച്ചമാറാലകളും. 
                                                      

അടുപ്പത്തിരിക്കുന്ന കലത്തില്‍
തിളച്ചുവറ്റിയ വെള്ളവും
പട്ടിണി തീര്‍ത്ത ആവിയും.

ഈ കുട്ടികളെന്തേ
കരഞ്ഞുറങ്ങുന്നില്ലേ?                                  
ഉറക്കമേ, പതിവ് തെറ്റിച്ച്                         
വഞ്ചിക്കാനൊരുങ്ങുന്നോ?

വലിഞ്ഞൊട്ടിയ ഉരുപ്പിടിയില്‍
വില്‍ക്കാനിനിയിറച്ചിയില്ല.
മാനം തുലയ്ക്കാന്‍
ചങ്കിലെ പിടച്ചിലനുവധിക്കുന്നില്ല.

വൃക്ക പറിച്ചും കരള്‍ പിഴുതും
ചോരയൂറ്റിയും പോറ്റി.
ഇനിയും ഒഴികഴിവ് പറയാതെ
മരണം കൂടെയുണ്ട്.

ചേട്ടനെപ്പോലെ ഒരു കയര്‍--
ക്കുരുക്കിയതിലൊടുങ്ങാനും
മരച്ചീനി കട്ടെടുത്ത് കുറുക്കിയിളക്കി
വിഷം ചേര്‍ത്ത് വിളമ്പാനുമാറിയാം.

പക്ഷേ, പേടിയാണ്, മരണത്തിന്‍റെ
നിഴലിനെയും നീരാളിക്കൈകളെയും
ദയതൊടാത്ത കൂച്ചുവിലങ്ങിനെയും.